Sunday, 4 March 2012

അക്ഷരങ്ങള്‍ പോകുന്നിടം




നാം തൂവിയെറിഞ്ഞ അക്ഷരങ്ങള്‍ 
ശൂന്യതയില്‍ 
നിറഞ്ഞു നിന്ന് 
പരസ്പരം സ്പന്ദിച്ചു 
എന്നെയും ,നിന്നെയും 
മുത്തം വെക്കുന്നു 
നാമറിയാതെ .

ആരോ ചരടയച്ചു 
പറത്തിയ പട്ടം പോലെ 
കയറിയും ഇറങ്ങിയും 
ഒഴുകി നടക്കുന്നു 
മോഹങ്ങള്‍ .

ഉള്‍ ദ്രവ്യങ്ങളില്‍ 
നമ്മെ കാത്തിരുന്നു 
നിദ്ര വെടിഞ്ഞതിന്റെ 
കനം തൂങ്ങും 
മുകവുമായ് കാലം .

ആദ്യാക്ഷരം 
കുത്തി വെക്കുമ്പോള്‍ 
തല മറച്ചിരുന്ന 
നാവില്ലാത്ത ഭാഷ 
പേറുന്നു ണ്ടാകും 
നോവ്‌ .

ഒരു നാള്‍ വെളിച്ചത്തിന്‍ 
പുറപ്പാട് കാണാനായി 
ഇടനാഴിയില്‍ 
നോമ്പേറ്റിരിക്കുംബോഴുണ്ട് 
മൌനത്തില്‍ പൊതിഞ്ഞ 
ഒരു ഭാഷ 
മണ്ണിലൂടെ 
കടന്നു പോകുന്നു .

    00

 
അക്ഷരങ്ങള്‍ പോകുന്നിടം ;-  ആദ്യ കവിതാ സമാഹാരത്തില്‍ നിന്ന് .

Thursday, 12 January 2012

ശില്പ്പങ്ങളുടെ ഉച്ചകോടി

പ്രിയ സുഹൃത്തുക്കളെ .,
എന്റെ രണ്ടാമതു കവിതാ സമാഹാരം ``ശില്പ്പങ്ങളുടെ ഉച്ചകോടി ``ഗ്രീന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്നു 
അവതാരിക ;- കെ .ഇ .എന്‍ .കുഞ്ഞഹമ്മദ് 
അന്‍പതോളം അച്ചടി മഷി പുരണ്ട കവിതകള്‍ ,വായിക്കുമല്ലോ ....

green books private limtd .
little road ,ayyanthole ,trussure-680003
ph; 0487 2361038, 
ph; 0487 2422515.

Friday, 21 October 2011

അനാഥം -അനന്തം .



(കവി അയ്യപ്പന്നു ആദരാഞ്ജലികള്‍ )

പാതയോരത്ത് 
ആറിതണുത്തു കിടന്നു 
ഒരു അനാഥമാം കവിതാ പുസ്തകം 
ആരോരുമറിയാതെ 

നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍ 
ഉറുമ്പരിക്കുന്ന സത്യം 

നീ മരിച്ചെന്ന സത്യം 
ദഹിക്കാതെ  കിടക്കുന്നു 
ചെറു കുടലിന്‍ 
പല നാഭി കളിലും 

ഇല്ലാത്ത ഭാരം 
വഹിക്കുവാ നായുണ്ടൊരു 
നാടക ത്തിരയിളക്കം 
അണിയറ  നാടകത്തില്‍ 

വരുതിയാം തോഴ നെത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ 
പേരില്‍ ചേക്കേറിടാമോരംബരചുംബി .

വാരി വിതറാനെന്‍
വാഗ്ദാനങ്ങ ളൊന്നു മില്ല 
വാറു പൊട്ടിയ വേദനയുടെ 
ചെറു വാക്കുകളല്ലാതെ .

******************




Saturday, 8 October 2011

കള്ള പ്പൂച്ച .




വാക്കുകള്‍ കോരി നിറച്ച 
മോഹ വണ്ടികള്‍ 
നിരന്തരം 
കയറിയിറങ്ങുമ്പോള്‍ 
അറിയാതെ 
നമ്മുടെ റെയില്‍ പാളങ്ങളില്‍ 
തീ പടരുന്നു .

ഒഴുക്കിന്‍റെ ഗതി നോക്കി ചൂണ്ടയെരിഞ്ഞു
അണിയറയില്‍ കാത്തിരിക്കുന്നു 
അസുര കാലത്തിന്റെ 
ഹൃദയ മിടിപ്പുകള്‍ 

പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു 
നിഷ്കര്‍ഷതയാല്‍ അടച്ചിട്ട 
വാതിലുകള്‍ 
ഓരോന്നായി തുറന്നു കൊടുക്കുന്നേരം ..

പരിധിക്കു  പുറത്താകുന്ന 
ജീവിത പാത്രത്തില്‍ നിന്നും 
ചുടു ചോര മോന്തി കുടിക്കുന്നു 
കള്ള പ്പൂച്ച .
     
      ***